Sunday, September 6, 2009

പെയിൻ&പാലിയേറ്റീവ്- ഹോംകയർ ടീമിനെപ്പം ഒരു ദിവസം



ഒരവധിക്കാലത്തിനായ് ഈയിടെ വീണ്ടും നാട്ടില്‍ പോയപ്പോള്‍ ‘സാന്ത്വനം പെയിന്‍ ആന്റ്‌ പാലിയേറ്റീവ് ക്ലിനിക്കിന്റെ ’പ്രവര്‍ത്തനങ്ങളില്‍ വീണ്ടും നേരിട്ട് പങ്കാളിയാകാന്‍ കഴിഞ്ഞു. നാട്ടിലുണ്ടായിരുന്നപ്പോള്‍ നടത്തിയ സാന്ത്വനത്തിന്റെ വോളണ്ടീര്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഒരു ഓര്‍മ്മകുറിപ്പ് മുന്‍പെഴിതിയിരുന്നു. അത് ഇവിടെ ക്ലിക്കിയാല്‍ വായിക്കാവുന്നതാണ്. ഇവിടം ആദ്യം വരുന്നവരോട് അത് വായിക്കാന്‍ അപേക്ഷിക്കുന്നു. വല്ലാത്തോരു ആത്മസംതൃപ്ത്തി നല്‍കിയ എഴുത്തായിരുന്നു അത് അധികം ഒന്നും എഴുതിയിട്ടില്ലെങ്കിലും. അത് വഴി നല്ലോരു തുക ക്ലിനിക്കിന് വേണ്ടി സംഘടിപ്പിക്കാന്‍ കഴിയുകയും ചെയ്തു!
പെയിന്‍ ആന്റ്‌ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ പ്രധാനപെട്ട ഒന്നാണ് ‘ഹോം കെയര്‍’. രോഗിയെ രോഗിയുടെ ചുറ്റുപാടില്‍ അഥവാ വീട്ടില്‍ ചെന്ന് ഡോകടറും നഴ്സും വളണ്ടിയേഴ്സും പരിചരിക്കുന്നു. രോഗിയുടെ ചുറ്റുപാടും സാഹചര്യവും മനസ്സിലാക്കി കേവല ചികിത്സക്കുമപ്പുറം മറ്റു വിഷമങ്ങൾക്കുകൂ‍ടി പരിഹാരം കണ്ടെത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. ക്ലിനിക്കില്‍ രോഗിയെത്തുന്ന രീതിയിലായിരിക്കില്ല വീട്ടിലെ സ്ഥിതി.ചിലപ്പോള്‍ വളരെ കുടുസായ, ആവശ്യത്തിനു വെളിച്ചം പോലുമില്ലാത്ത വൃത്തിഹീനമായ അവസ്ഥയിലായിരിക്കും. ദീര്‍ഖകാലമായി കിടപ്പിലുള്ള രോഗികള്‍ക്ക് ഹോംകെയര്‍ വളരെ ആശ്വാസപ്രദമാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രോഗികളുടെ ആരും അധികം ചെന്നെത്താത്താ കുന്നിന്മുകളിലെ കുടിലില്‍ കയറിച്ചെല്ലുമ്പോഴും,രോഗിയുടെ കട്ടിലില്‍ ഇരുന്ന് ആ കൈകള്‍ നമ്മുടെ കൈവെള്ളയിലേക്ക് ചേര്‍ത്ത് വെക്കുമ്പോഴും, സുഖവിവരമന്വേഷിക്കുമ്പോഴും അവിടെ നടക്കുന്നത് ചികിത്സയല്ല മറിച്ച് ഒരു കൈമാറ്റമാണ് ‘സ്നേഹത്തിന്റെ കൈമാറ്റം ’കൂടെ ഒരു വിശ്വാസവും ‘ഞങ്ങളുണ്ട്കൂടെ’, മറ്റെല്ലാമരുന്നിനെക്കാള്‍ കൂടൂതല്‍ ഫലപ്രാപ്തിയുള്ളതും പകരം വെക്കാനാകാത്തതും ഇതുതന്നെ.

അടുത്ത ഹോംകെയര്‍ ദിവസമായ ബുധനാഴ്ച രാവിലെ തന്നെ ഞാൻ ക്ലിനിക്കിലെത്തി. മാനസികമായി ഹോംകെയര്‍ ഒരു പാടെന്നെ സഹായിച്ചിട്ടുണ്ട്. രോഗികളെ സന്ദര്‍ശിക്കുന്നത് പ്രവാചകന്റെ (സ) മാതൃകയാണ്, അത് അവിടന്ന് കല്പിച്ചിട്ടുമുണ്ട്. ദൈവത്തില്‍ നിന്ന് തക്കാതായ പ്രതിഫലം ഞാന്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു.

വേദന ,മാനസിക സംഘര്‍ഷം,കഷ്ടപാട്, പട്ടിണി ഇതെല്ലം എന്റേത് പൊലെ അനുഭവിക്കാനും മനസ്സിലാക്കാനും ഹോകെയർ എന്നെ വല്ലാതെ സഹായിച്ചിട്ടുണ്ട്. പെട്ടെന്ന് മരിക്കാനുള്ള ഗുളിക നല്‍കാനാവശ്യടുന്നവരും ,ഞ്ഞാന്‍ ഇന്ന ദിവസത്തിനുള്ളില്‍ മരിക്കും എന്ന് കേള്‍ക്കാനിഷ്ടപെടുന്നതുമായ ഒത്തിരി ആളുകളുമായി അടുത്തിടപഴികേണ്ടിവന്നതിന്റെ ഫലമായി എന്താണ് ജീവിതം?,എത്രയാണ് ജീവിതം എന്നെല്ലാം നന്നായി എനിക്കറിയാം .ഒരു പരിധിവരെ മാത്രമെ ഈ ബന്ധുക്കളും നാട്ടുകാരും കൂട്ടുകാരും ഉണ്ടാവുകയുള്ളൂ. പിന്നെ ആരും ഒന്നു കടന്നുവരികയോ ചെയ്യില്ല. വാര്‍ധക്യം ഒരുവസ്ഥയാണെങ്കില്‍ മാരക രോഗങ്ങളും ദീര്‍ഖമായ കിടത്തവും അതിനെക്കാള്‍ വലിയ വേദനയുള്ള അവസ്ഥയാണ്. വേദന ശരീരത്തിന്റെ മാത്രമല്ല മനസ്സിന്റേതുകൂടിയാണ്. ശരീരത്തിന്റേതാകട്ടെ പലപ്പോഴും വേദനസംഹാരികള്‍ കോണ്ട് ശമിപ്പിക്കാന്‍ കഴിയുന്നതുമാണ്.

ഇന്ന് നഴ്സസ് ഹോംകെയറാണ്.ഡോകടര്‍ ഉണ്ടാകില്ല. ഞാനും നഴ്സ് തങ്കമണി ചേച്ചിയും വളണ്ടിയര്‍ അബ്ദുള്‍ ഖാദര്‍ക്കയും വാനിന്റെ ഡ്രൈവര്‍ കൃഷ്ണേട്ടനും മാത്രം. സ്റ്റെത്തും ബിപി അപ്പാരറ്റസും കത്തീറ്ററും മെഡിസിന്‍ കിറ്റും വാനില്‍ എടൂത്തുവെച്ച് യാത്ര ആരംഭിച്ചു. പാലിയേറ്റീവ് കെയറില്‍ ഏറ്റവും വലിയ പങ്കാളി ഒരു ‘കമ്മ്യൂണിറ്റി വളണ്ടിയറാണ്.’ മറ്റുള്ളവരെ പ്രതിഫലം കാംക്ഷിക്കാതെ സഹായിക്കാന്‍ ഒരു മനസ്സുണ്ടാവുക എന്നതുമാത്രമാണ് വളണ്ടിയര്‍ക്ക് വേണ്ട ഒരേ ഒരു യോഗ്യത. പക്ഷേ അതിനുമാത്രം ആരേയും കിട്ടാറില്ല. ഇന്നു വളണ്ടിയറായി ഞ്നും ഖാദര്‍ക്കയും മാത്രം.

ഞങ്ങളാദ്യം കാവില്‍‌പടിയിലെ സുബ്രമണ്യൻ ചേട്ടന്റെ വീട്ടില്‍ പോയി. ഓട് മേഞ്ഞ മുറ്റം ചാണകം തെളിച്ച ചെറിയൊരുവീട്. പ്രായമായ അച്ചന്‍ ഉമ്മറത്തിരിക്കുന്നു.ഞ്ഞങ്ങള്‍ കയറിച്ചെന്നു. ഇങ്ങനെ പോകുമ്പോള്‍ രോഗിയെ രോഗിയായി മാത്രംകണാതിരിക്കാനും കയ്യില്‍ വാച്ചോ മൊബൈല്‍ ഫോണോ ഇല്ല എന്നുറപ്പാക്കാനും ശ്രദ്ദിക്കേണ്ടതുണ്ട്! ഉമ്മറത്തോട് ചേര്‍ന്ന് പണികഴിച മുറിയില്‍ സുബ്രമണ്യന്‍ കിടക്കുന്നു. നല്ലതടിയും പ്രകൃതവും,അന്ന് സമ്മാനിച്ച ആ പുഞ്ചിരി ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു. കുറെക്കാലമായി അദ്ദേഹം ഗള്‍ഫില്‍ ജോലിച്ചെയ്യുകയായിരുന്നു. ഒരു ദിവസം ഇത്തിരി ഉയരത്തില്‍ നിന്നോന്നുവീണു.ആര്‍ക്കും സംഭവിക്കാം.പക്ഷെ ആഘാതം പറ്റിയത് നട്ടെല്ലിനായിരുന്നു. ജീവിതം അവിടെ അന്നവസാനിച്ചു! പകരം പീഡനങ്ങള്‍ തുടങ്ങുകയായ്. അനങ്ങാന്‍ ‍പറ്റാത്ത അവസ്ഥ ഒന്നു തിരിഞ്ഞു കിടക്കാന്‍ പോലും.ഉള്ളതെല്ലം വിറ്റുപെറുക്കി ചികിത്സിച്ചു.അവസാനം ഒന്നിരിക്കാമെന്ന സ്തിതിയായി. ദീര്‍ഖമായ കിടത്തം ശരീരത്തിനു പുറത്ത് വൃണങ്ങള്‍ സമ്മാനിക്കുന്നു. മൂത്രത്തില്‍ പഴുപ്പ് (ആ ട്യൂബ് മാറ്റാന്‍ കൂടിയുമാണ് ഞ്ഞങ്ങള്‍ പ്രധാനമായും പോയത്),ഇടക്കിടെ പനി,ജലദോഷം ,തോണ്ടവേദന എല്ലാം ഒരോറ്റ വീഴ്ചയില്‍നിന്ന്. എന്ത് കൊണ്ട് നമുക്കും ഇത് സംഭവിച്ചുകൂടാ...? ഈ ചിന്തയാണ് ദുബായിലെ ഈ മഞ്ഞളിക്കുന്ന ജീവിതത്തിനിടയിലും എന്റെ കണ്ണുകള്‍ മഞ്ഞളിക്കാതെ ബാലന്‍സ് ചെയ്തുനിര്‍ത്തുന്നത്. ആരോഗ്യവാനായ സമയത്ത് അസുഖം വരുന്നതുപോലെയല്ല ഇങ്ങനെയുള്ള സമയത്ത് രോഗങ്ങള്‍ വരുന്നത്. കഴിയാവുന്ന ബാക്ടീരിയകളെല്ലാം ശരീരത്തിനകത്ത് വലിഞ്ഞുകയറും, ഒന്നിനുപുറകെ ഒന്നായി രോഗങ്ങള്‍ പിന്നെ ഒത്തിരി ഗുളീകകള്‍ ..ഇത് രോഗിയുടെ കുറ്റമാണോ? “രോഗം രോഗിയുടേത് മാത്രമല്ല സമൂഹത്തിന്റേതുകൂടിയാണ്” ഇതാണ് പാലിയേറ്റീവ് സെന്ററുകളുടെ സന്ദേശം. ഇനി കത്തീറ്റര്‍ മാറ്റണം. തങ്കമണി ചേച്ചി എന്റെ മുഖത്തേക്ക് നോക്കി .ഞാന്‍ ആ മുറിയില്‍ നിന്നും പുറത്തേക്കിറങ്ങി അപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ വളരെ പ്രായം കുറഞ്ഞ സ്ത്രീ മുറിയിലേക്കുകയറി.വാതിലടച്ചു അവരത് മാറ്റിയിടാന്‍ തുടങ്ങി. ഇവിടെയാണ് ഭാര്യ ‘നല്ലപാതി’ആകുന്നതെന്നെനിക്കു തോന്നി. പഞ്ചായത്തില്‍നിന്നോരു വീല്‍ചെയറ് കിട്ടി പക്ഷെ അതുകൊണ്ട് കാര്യമായ പ്രയോജനമില്ല .ഗള്‍ഫിലുള്ള ചേട്ടനും മറ്റും സഹായിച്ച് ഒരു സ്കൂട്ടര്‍വാങ്ങി നാലെ ടയറുകള്‍ ഉള്ളത്.പറ്റാവുന്ന സമയത്ത് അതിന്മേല്‍ ലോട്ടറി കച്ചവടം നടത്തുന്നു. വല്ല സമ്മാനവും അടിക്കാറുണ്ടോ എന്ന എന്റെ ചോദ്യത്തിനു മറുപടിതന്നു “ഉള്ളതില്‍ വെച്ച് ഏറ്റവും ചെറുത്”വല്ലപ്പോഴും കിട്ടാറുണ്ട്, പ്രതീക്ഷമാത്രം ബാക്കി. യാത്ര പറഞ്ഞു കൈകോടുത്തു ഞ്ഞങ്ങളിറങ്ങി.

ഇനി വട്ടംകുളത്തെ മോയ്തുണ്ണിക്കയുടെ വീട്ടിലേക്ക്. റോഡിനരികില്‍ വാന്‍ പാര്‍ക്ക് ചെയ്ത് മഴപെയ്ത് നടക്കാന്‍ പോലും ദുസ്സഹമായ ഇടവഴിയിലൂടെ ഞങ്ങള്‍ മുകളിലേക്ക്. ചുമര്‍ തേക്കാത്ത ,തറ കോണ്‍ക്രീറ്റ് പോലും ചെയ്യാത്ത ചെറിയോരു വാര്‍പ്പ് വീട്. മൊയ്തുണ്ണിക്ക മുന്‍പ് വാടകവീട്ടിലായിരുന്നു, ആയിരം രൂപ പ്രതിമാസവാടക.അവസാ‍നം നാട്ടുകാരും കുടുംബക്കരും എല്ലാം ചേര്‍ന്നോരു വീടുണ്ടാക്കി. വാതില്‍ വെക്കാന്‍ മത്രം പണം ബാക്കിയുണ്ടായില്ല. അങ്ങനെ ഇത്തിരി കാലം കൂടെ വാടകവീട്ടില്‍ അവസാനം മുന്‍പിലേയും പിറകിലേയും വാതിലുകള്‍ ‘സാന്ത്വനം’ പണിപിച്ചുകൊടുത്തു.ഇപ്പോള്‍ അതില്‍ താമസം.ഞങ്ങള്‍ കയറിച്ചെല്ലുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ മുറ്റം വൃത്തിയാക്കികൊണ്ടിരിക്കുന്നു. അഭിവാദ്യം ചെയ്തുകയറിചെന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ച് ശരീരം തളരുകയും അതിനോടനുബന്ധമായ ഹ്രിദയ സംബന്ധമായ രോഗങ്ങളുമാണ് ഇക്കയെ അലട്ടുന്നത്. പ്രായമായ ഒരു പെണ്‍ക്കുട്ടിയും പഠിക്കുന്ന ഒരാണ്‍ക്കുട്ടിയും ഭാര്യയുമടങ്ങുന്ന കുടുംബം. പെണ്‍കുട്ടി ബന്ധുവീട്ടിലെ കുട്ടികളെ നോക്കാനായും മകന്‍ സ്കൂളിലേക്കും പോയിരിക്കുന്നു. ഇവിടേയും കത്തീറ്റര്‍ മാറ്റാനായിട്ടുണ്ട്. മൊയ്തുണ്ണിക്ക മാനസികമായി വളരെ അസ്വസ്തതകള്‍ അനുഭവിക്കുന്നു എന്ന് പെട്ടെന്നു തന്നെ എനിക്കു മനസ്സിലായി. പുറത്ത് നല്ല മഴയുള്ളതായും ശരീരം തണുത്തുറക്കുന്നതായും വീടിനു ചുമരിന്മേല്‍ ആരൊക്കെയോ വന്നിരിക്കുന്നതായും ഇക്കക്ക് അനുഭവപെടുന്നു. ചുമരിന്മേല്‍ ഇരിക്കുന്നവരെല്ലാം ആരെന്ന് ഭാര്യയോട് അന്വേഷിക്കാന്‍ എന്നോടാവശ്യപെട്ടു. ഭാര്യയെ സംശയ ദൃഷ്ടിയോടെ നോക്കുന്നു. ഗുളികപൊതി എടുത്ത് അടുത്ത വിസിറ്റ് വരെ ആവശ്യമുള്ള ഗുളികകള്‍ എല്ലാം ഉണ്ട് എന്ന് ഉറപ്പുവരുത്തി. കുറച്ച് സംസാരിച്ചു,ഇവരുടെ നിത്യവൃത്തിക്കായുള്ള അരി മറ്റു സാധനങ്ങള്‍ അടുത്ത കടയില്‍നിന്നും മേടിക്കാന്‍ ക്ലിനിക്ക് സൌകര്യം ചെയ്തുകൊടുക്കുകയും അതിനുവേണ്ടി മാസം നിശ്ചിത സംഖ്യ ക്ലിനിക് തന്നെ നല്‍കുകയും ചെയ്യുന്നു.(Ration) ഇങ്ങനെ ഒത്തിരി പേരുടേത് സാന്ത്വനം തന്നെ വഹിക്കുന്നു. ഹോകെയറിനുപോകുന്ന വീടുകളില്‍ നിന്ന് ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാതിരിക്കാന്‍ പ്രത്യാകം ശ്രദ്ധിക്കാറുണ്ട്. പച്ചവെള്ളം നല്‍കാന്‍ ആരും ഇഷ്ടപെടില്ല ഏറ്റവും ചുരുങ്ങിയത് ഒരു കട്ടന്‍ ചായയെങ്കിലും നല്‍കാനായിരിക്കും പക്ഷേ പഞ്ചസാരയില്ലെങ്കിലോ....?! യാത്ര പറഞ്ഞിറങ്ങി.
കൃഷ്ണേട്ടന്‍ വാന്‍ മുന്നോട്ടെടുത്തു, ഇനി ഭക്ഷണം കഴിക്കണം . ഈ വാഹനം വലിയോരു മനസ്സിന്റെ സംഭാവനയാണ്. ഭക്ഷണം കഴിച്ചു ക്ലീനിക്കിന്റെ വളണ്ടിയര്‍ സെക്രട്ടറിയായ ഡോ.കമറിദ്ദീന്റെ വീട്ടില്‍ പോയി.സംസാരത്തിനിടയില്‍ എന്റെ ഇ-മെയില്‍ വിലാസം അദ്ദേഹം ആവശ്യപെട്ടു. ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ഫ്ലയര്‍ അയച്ചുതരാമെന്നും റംസാന്‍ സമയത്ത് സക്കാത്ത് തുകയും മറ്റു സംഭാവനകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്ന പഴയ ഉപദേശം ഒന്നുകൂടെ പുതുക്കി. ഖാദര്‍ക്കിക്കക്ക് അത്യവശ്യമായി ആരെയോ കാണേണ്ടതുണ്ട് അദ്ദേഹം അതിനായ് യാത്ര തിരിച്ചു. ഇനി ഞങ്ങള്‍ മൂന്നുപേര്‍.

പ്രമേഹം അധികമായ് കണ്ണിന്റെ കാഴച് നഷ്ടപെടുകയും അനുബന്ധമായുള്ള ദുരിതങ്ങളുമായ് കഴിയുന്ന ആമിനത്തയുടെ വീട്ടിലേക്കാണ് ഞ്ഞങ്ങളിനി പോകുന്നത്.ഭര്‍ത്താവ് സുലൈമാനും ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് കിടപ്പില്‍ തന്നെ. റോഡരികില്‍ വണ്ടിനിര്‍ത്തി തോട്ടരികിലുള്ള കടയില്‍ ഇവരുടേ റേഷന്റെ പൈസയും കൊടുത്തു ഞങ്ങള്‍ അമിനത്താത്തയുടേ വീട് ലക്ഷ്യ്മാക്കി നടന്നു. കുന്നിനോട് ചേര്‍ന്ന് ഓല മേഞ്ഞ ചെറിയ വീട്. ചുറ്റും സമാനമായ വീടുകള്‍, വീടിന്റെ ഉമ്മറത്ത്നിന്ന് കൈപോക്കിയാല്‍ വൈദ്യുതി കമ്പിയില്‍ തട്ടുന്ന അവസ്ഥ.ചുറ്റുമുള്ള വീടുകളുടെ സ്തിഥിയും വിഭിന്നമല്ല. ഇലക്ടിസിറ്റി ബോര്‍ഡിന്റെ സാമൂഹിക പ്രതിബദ്ധതെയോര്‍ത്ത് ഞാന്‍ നെടുവീര്‍പിട്ടു, എന്തിനീ ക്രരത? ഇത്തക്ക് കണ്ണിന്റെ കാഴച പൂര്‍ണമായും നഷ്ടപെട്ടിരിക്കുന്നു പക്ഷെ ആ വീട്ടില്‍ കാഴചയുള്ള ആരെക്കാളും നന്നായി കാര്യങ്ങള്‍ ഇത്ത ചെയുന്നു. എനിക്കിരിക്കാന്‍ കസേര ഇട്ടു തന്നു. രക്തസമ്മര്‍ദ്ദം പരിശോധിക്കാന്‍ ഞാന്‍ അപ്പാരറ്റസ് എടുക്കുന്നതിന്റെ ശംബ്ദം കേട്ടിട്ടാകണം ഇത്ത എന്റെ അരികില്‍ വന്നിരുന്നു. അപ്പോഴേക്കും ഭരത്താവ് സുലൈമാനിക്കയും തപ്പിതടഞ്ഞെത്തി. രണ്ടുപേരുടെയും രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും ഞാന്‍ പരിശോധിച്ചു,സാധാരണനിലയിലാണ്. ഈ സമയം ചേച്ചി ഗുളികപോതി പരിശോധിക്കുകയായിരുന്നു. സ്ഥിരമായി നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട പ്രമേഹത്തിന്റെ ഗുളിക രണ്ടുദിവസം മുന്‍പെ തീര്‍ന്നിരിക്കുന്നു. മരുന്നിനായ് ആളെ അയക്കാത്തതിന്റേയും ക്ലിനിക്കില്‍ വിവരമറിയിക്കാത്തതിന്റേയും കാരണം ചേച്ചി ആരാഞ്ഞു “ആരെങ്കിലും ഈ വഴി ഒന്നു വന്നുകിട്ടണ്ടേ പറഞ്ഞു വിടാന്‍ തോട്ടടുത്ത വീട്ടിലെ മൊബൈലില്‍ വിളിച്ചുപറയാന്‍ പൈസയുമില്ലായിരുന്നു” മറുപടിപറഞ്ഞത് സുലൈമാനിക്കയായിരുന്നു. അപ്പോള്‍ ഒരു നിമിത്തം പോലെ അന്നു നടക്കുന്ന ഗംഭീരമായ ഫുട്ട്ബോള്‍ കളിയുടെ അനൌണ്‍സ് വാഹനം കടന്നുപോയി. ഗുളികയെടുത്ത് ഇത്തയുടെ കയ്യില്‍ വെച്ചുകോടുത്തു. എന്തിനു കഴിക്കുന്നാതാണെന്നും എപ്പോള്‍ കഴിക്കേണ്ടതാണെന്നും ഗുളികയുടേ രൂപം നോക്കി മനസ്സിലാക്കികൊടുത്തു. നല്‍കിയ മരുന്നു തീരുന്നതിനുമുന്‍പായി വീണ്ടുമെത്താമെന്ന ഉറപ്പുനല്‍കി യാത്ര പറഞ്ഞിറങ്ങി.
സമയം നാല് മണിയോടടുത്തിരിക്കുന്നു, മഴപെയ്തു കുളത്തോടു സമാനമായ റോഡിലൂടേ വാന്‍ ഒഴുകി! സാന്ത്വനം പെയില്‍&പാലിയേറ്റീവ് ക്ലിനിക് എന്ന ബോര്‍ഡ് വെച്ച വാഹനം കാണുമ്പോള്‍ ജനങ്ങളുടെ മുഖത്തുവിരിയുന്ന സ്നേഹപൂര്‍ണമായ ഭാവമാറ്റം എന്റെ മനസ്സില്‍ സന്തോഷത്തിന്റെ മഴവില്ലുകള്‍ സൃഷ്ടിച്ചു, എന്നെ ഇതിന്റെ ഭാഗമാക്കിയതിന് ഞാന്‍ ദൈവത്തെ സ്തുതിച്ചു. പൊതുജനങ്ങളുടേ അകമഴിഞ്ഞ സഹായം ഒന്നുകൊണ്ടുമാത്രമാണ് ക്ലിനിക് മുന്നോട്ടുപോകുന്നത്. ഇനി പോകാനുള്ളത് ലക്ഷ്മിക്കുട്ടി അമ്മയുടേ വീട്ടിലേക്കാണ്. ഞാന്‍ അവരുടെ കേസ്-ഷീറ്റ് പരിശോധിക്കാന്‍ തുടങ്ങി. സ്തനത്തില്‍ കാന്‍സറായിരുന്നു ഇപ്പോള്‍ ഭേദമുണ്ട് എന്നാലും രക്തസമ്മര്‍ദ്ദം കൂടിയതിന്റെ പ്രശ്നങ്ങളും വാര്‍ദക്യ രോഗങ്ങളും.

ചുറ്റും കാട്പിടിചുകിടക്കുന്നതിനിടയില്‍ മണ്ണ്കൊണ്ട് നിര്‍മ്മിച്ച ചെറിയൊരു കുടില്‍. കൂട്ടിന് ആരുമില്ല ആ വീട്ടില്‍ ഒറ്റക്ക്! വീടും സ്ഥലവും മുന്‍പേ ചേട്ടന് എഴുതിനല്‍കിയിരുന്നത്രെ. പകരം ചേട്ടന്‍ ചിലവിനുകൊടുത്തു കൊണ്ടിരുന്നു മാസം 400 രൂപ. ബോംബെയില്‍ സ്ഥിരതാമസമാക്കിയ പൈലറ്റുമാരായ മക്കള്‍ ജേഷ്ടന്റെ കാലതാവസവും ആ വലിയ തുക 400 രൂപ തിടര്‍ന്നും കൊടുത്തുകൊണ്ടിരിക്കുന്നു! എല്ലാ സ്വത്തുക്കളും ജേഷ്ടനു എഴുതി നല്‍കിയതുകൊണ്ട് തന്നെ മറ്റു ബന്ധുകള്‍ക്കൊന്നും വലിയ താല്പര്യമില്ല. ഞങ്ങളുടേ കാൽ‌പെരുമാറ്റം കേട്ടപ്പോള്‍ അകത്തുനിന്നും പുറത്തുവന്നിരുന്നു. രക്തസമ്മര്‍ദ്ദം നോക്കി തുടര്‍ന്നുള്ള ദിവസങ്ങള്‍ക്കുള്ള മരുന്നുകള്‍ നല്‍കി. ഇത്തിരി കുശലം പറഞ്ഞു . പുതുതായി കണ്ട എന്നെ ചേച്ചിയോട് ആരെന്ന് തിരക്കി. ആ തിണ്ണയിലിരുന്ന് അകത്തേക്ക് നോക്കുമ്പോള്‍ കാണുന്ന വീടും അവസ്ഥയും കണ്ണുനീരിനൊടൊപ്പമ്മല്ലതെ അവതരിപ്പിക്കാന്‍ കഴിയില്ല. ആ വീട്ടിലേക്കുള്ള വഴി കാടുപിടിച്ച് മൂടാന്‍ തുടങ്ങിയിരിക്കുന്നു. ലക്ഷ്മിക്കുട്ടിഅമ്മ ഒരു വിരുന്നുകാരനേയും പ്രതീക്ഷിക്കുന്നില്ല മരണത്തെയല്ലാതെ...


സമയം സന്ധ്യയോടെത്തി.ഇനി മടക്കം .ചെറിയോരുവധിക്കായ് നാട്ടിലെത്തിയാതെണെങ്കിലും ഒരു ദിവസം സാന്ത്വനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി നീക്കിവെക്കാന്‍ കഴിഞ്ഞതില്‍ മനസ്സില്‍ വലിയ സന്തോഷം കളികൊണ്ടു പക്ഷേ ഒരു ചോദ്യം അപ്പോഴും അവസാനിച്ചു .‘എന്തുകൊണ്ട് ഒരു ദിവസം മാത്രം??’ ഡോ.കമറുദ്ദീന്‍ അയച്ചുതന്ന ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങളെകുറിച്ചുള്ള വിവരങ്ങളും സഹായിക്കാനുള്ള അപേക്ഷയും താഴെ ചേര്‍ക്കുന്നു. മനസ്സിലെ കാരുണ്യത്തിനും, ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് തിരിച്ചു നന്ദി ചെയ്യാനുമുള്ള അവസരം വായി‍ക്കുന്നവര്‍ക്ക് കൂടേ ബാക്കിവെച്ച് നിര്‍ത്തുന്നു.

സസ്നേഹം,
ഷഫ്.
(ചിത്രങ്ങളിൽ ക്ലിക്കിയാൽ വലുതായി കണാവുന്നതാണ്)

































Read more...

Friday, January 9, 2009

നൊമ്പരങ്ങള്‍ ബാക്കിയാകുമ്പോള്‍..






യിടെയായി കിട്ടികൊണ്ടിരിക്കുന്ന മെയിലുകളില്‍
ഭൂരിഭാഗവും ഇസ്രയേല്‍ എന്ന പൈശാചിക രാജ്യത്തിന്റെ നരഹത്യയുടെ ഭീകരമായ ചിത്രങ്ങളാണ്,ഐക്യരാഷട്രസഭ മനുഷയ്കുലത്തെ വ്യഭിചരിച്ചതിന്റെ അനന്തരഫലമായി പിറവിയെടുത്ത രാഷട്രമാണ് ഇസ്രയേല്‍.ഇന്നത് ലോക സമാധാനത്തിനു തന്നെ ഭീഷണിയായിരിക്കുന്നു. ചെറിയകുട്ടികളുടെ ജീവനറ്റ ശരീരങ്ങള്‍ കാണുമ്പോള്‍ കണ്ണുനിറയുന്നു, എങ്ങനെ കഴിയുന്നു ഈ ക്രൂരത..

ഗാസിലേക്ക് യു.അ.ഇ റെഡ്ക്രസന്റ് വഴി അയക്കാന്‍
ഷാര്‍ജയിലെ ഒരു ജോര്‍ദാനിയന്‍ കമ്പനി തന്ന ഫസ്റ്റെയ്ഡ്[first aid] മരുന്നുകളുടെ ജോലിയുമായി ബന്‍‌ധ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് എന്റെ കൂടെ തന്നെജോലിച്ചെയ്യുന്ന ഫാര്‍മസിസ്റ്റായ ‘സുഹ’യുടെ സഹായം പലതവണ ആവശ്യമായി വന്നത്.ഇതിനിടയില്‍ ഞാനവളുടെ/അവരുടെ ജീവിതത്തെകുറിച്ച് ചോദിച്ചു, സുഹ പാലസ്തീനിലെ ‘തര്‍ശിഹ’ എന്ന പ്രവശ്യയില്‍ നിന്നാണ്.ഇന്നത് ഇസ്രായേലിന്റെ കൈവശമാണത്രെ..


ഇന്നവിടെ അറിയുന്നവര്‍ ആരെല്ലാം ഉണ്ട് എന്ന എന്റെ ചോദ്യത്തിനുത്തരമായി അവള്‍ പറഞ്ഞു “ഒത്തിരിപേര്‍, ഇനിയൊന്ന് പരസ്പരം കണ്ടുമുട്ടുമോ എന്നോന്ന് പ്രതിക്ഷിക്കാന്‍ പോലും വകയില്ല ഞ്ഞങ്ങള്‍ക്ക്”.


‘ഷെഫീര്‍ ഈയിടെ യല്ലെ വെക്കേഷന് പോയത്’? ചായക്ലാസ് ചുണ്ടോടടുപിച്ചവള്‍ ചോദിച്ചു.“ അതെ രണ്ടുമാസങ്ങള്‍ക്കുമുന്‍പ്”, നിങ്ങളെങ്ങനെ ആഘോഷിച്ചു അവധിക്കാലം..ഒത്തിരിപേര്‍ വലിയവീട്ടീല്‍ നിസാറിന്റെ വീടിന്റെ ഫോട്ടോ കണ്ടീല്ലെ..എത്രവലിയ വീടാണത്.എന്തൊരു അഹ്ലാദമായിരിക്കുമെല്ലെ...കൊച്ചുകുട്ടിയെ പോലെയായി അവള്‍.

പെട്ടെന്ന് വല്ലാത്തോരു നൊമ്പരത്തിലായി അവളുടെ സംസാരം..നിനക്കറിയുമോ ഞാന്‍ ജനിച്ചത് എവിടെയാണെന്ന്? പാലസ്തിനില്‍, പൌരത്വവും അവിടെ തന്നെ..പഠിച്ചതെല്ലാം അമ്മാനില്‍, കുറച്ചുകാലം സിറിയയില്‍ ഇപ്പോള്‍ ഇവിടേയും..(യു എ ഇ ) ഒരു അന്താരാഷ്ട്ര കുടുബ്മായിട്ടല്ല..സ്വന്തം വീട്ടില്‍നിന്നും നാട്ടില്‍ നിന്നും പുറത്താക്കിയതുകൊണ്ടുമാത്രം അലയേണ്ടിവന്നതാണത്.ഇപ്പോഴും എന്റെ ഉമ്മയുടെ ബന്‍‌ധുക്കള്‍ സിറിയയിലാണ്, ജോര്‍ദാനിലും ഈജിപ്തിലുമായി ബാക്കിയുള്ളവര്‍ ഞങ്ങളിവിടെയും..എന്ത് കുടുംബ ജീവിതം..? എന്താഘോഷം, എന്തവധിക്കാലം...? നിങ്ങള്‍ നാട്ടിലേക്ക് പോകുമ്പോള്‍ ഇവിടെ മാളുകളിലും പാര്‍ക്കുകളിലുമായി സമയം തള്ളിനീക്കുന്നു.. തീരം കാണാതെ അലയുന്ന കപ്പലിനെ പോലെ..!!

ഒരിക്കല്‍ ഞ്ഞങ്ങളെല്ലാവരും കൂടെ പിറന്നനാടും നാട്ടുകാരേയും കാണാന്‍ പാലസ്തീനിലേക്ക് പോകാന്‍ ശ്രമിച്ചു..ഈജിപ്ത്യന്‍ അതിര്‍ത്തിയില്‍ വെച്ച് ഇസ്രായേല്‍ പോലീസ് തിരിച്ചുവിട്ടു..ഒന്നുകില്‍ ഇസ്രായേല്‍ ഗവണ്മെന്റില്‍നിന്നുള്ള മുന്‍‌കൂര്‍ അനുമതിയോ അല്ലേല്‍ ഇസ്രായേല്‍ പാസ്പോര്‍ട്ടോ കൈവശം വേണമെന്ന്!! എല്ലാവരേയും കൊന്നോടുക്കി അവിടം പിടിച്ചെടുക്കുവാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും അവിടേക്ക് പോകാന്‍ എങ്ങനെ അനുവധിക്കും..?സുഹയുടെ കണ്ണുകള്‍ നിറഞ്ഞുപോയി എന്നു മാത്രമല്ല വെളുത്ത കവിളുകളില്‍ ഇരുട്ട് പടര്‍ന്നതായും എനിക്ക് കണാന്‍ കഴിഞു.. നാട്ടിലേക്ക് തിരിച്ചുപോകാന്‍ കഴിയാത്ത അവസത്ഥയെ കുറിച്ച് നമുക്ക് ചിന്തിക്കാന്‍പോലും പറ്റുമോ..?


എന്തോ എന്റെ കണ്ണും നിറഞ്ഞതുകൊണ്ടാണെന്നറിയില്ല അവസാനമായി അവള്‍ പറഞ്ഞു “ ഇന്ത്യന്‍ ഗവണ്മെന്റ് ഞ്ഞങ്ങളെ ഒത്തിരി സഹായിച്ചിട്ടുണ്ട് ഇന്ത്യന്‍ ജനത വല്ലാതെ സ്നേഹിച്ചിട്ടും..”


സമാധാനത്തിനായി എന്തെങ്കിലും ആശ്വാസവാക്കുകള്‍ പറയണമെന്നുണ്ടായിരുന്നു പക്ഷെ എന്തുകൊണ്ടോ നാവതിനു വഴങ്ങിയില്ല...!!

Read more...

Monday, July 14, 2008

നാം എത്തിനില്‍ക്കുന്നത്..,

ഭയാനകരമായ അരക്ഷിതാവസ്ത്ഥയിലേക്ക് പടിയിറങ്ങികോണ്ടിരിക്കുകയാണ് നാം. മലയാള ദിനപത്രങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ വായിച്ചെടുക്കാവുന്ന സംഭവവികാസങ്ങള്‍ ഞെട്ടല്‍ ഉളവാക്കുന്നു എന്നു മാത്രമല്ല അവിശ്വസനീയവുമാണ്. സ്ത്രീകള്‍ക്ക്നേരെയുള്ള അക്രമങ്ങള്‍ അനുദിനം വര്‍ദ്ദിച്ചുകൊണ്ടിരിക്കുന്നു..പതിനാലുകാരിയായ മകളെ ഭീഷണിപ്പെടുത്തി ലൈഗികവൃത്തിക്കുപയോഗിക്കുക മാത്രമല്ല മറ്റുള്ളവര്‍ക്കു കാഴ്ചവെക്കാന്‍ കൊണ്ടുനടക്കുകയും ചെയ്യുന്നു സ്വന്തം പിതാവ്...! ഗര്‍ഭിണിയായ ഭാര്യയെ ചവിട്ടിക്കൊല്ലുന്നു തന്റെ ഭര്‍ത്താവ്, തന്നെ മാനഭംഗപ്പെടുത്തിയവര്‍ക്കെതിരെ കേസുമായി നടക്കുന്ന യുവതിയെ ഒരു വര്‍ഷം തികയുമ്പോഴേക്ക് തട്ടിക്കൊണ്ടുപോയി വീണ്ടും കൂട്ടബലാത്സംഗം ചെയ്യപെടുന്നു ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍..

ചെറീയകുട്ടികളെ‍പോലും വേറുതെ വിടുന്നില്ല..വല്ലാതെ അലോസരപെടുത്തുന്നു ഈ സംഭവവികാസങ്ങള്‍. പൊതുവഴിയിലൂടെ ഭയമില്ലാതെ സ്വതന്ത്രയായി നടക്കാന്‍പോലും നമ്മുടെ സഹോദരിമാര്‍ക്ക് കഴിയുമോ..?ബസില്‍ യാത്രചെയ്യുന്ന സ്ത്രീയുടെ സാരിത്തുമ്പിലെ ദ്രാവകം രാസപരിശോധനക്കയക്കുന്ന നാണം കെട്ട ചുറ്റുപാടിലെത്തി നാം. വിദ്യഭ്യാസത്തിന്റെ കാര്യത്തില്‍ മുന്നിലാണെന്നവകാശപെടുന്ന നമ്മള്‍ , എന്ത് വിദ്യയുടെ കാര്യത്തില്‍ എന്ന ചോദ്യത്തിനു പ്രസക്തിവര്‍ദ്ദിച്ചുവരുന്നു...?! എന്തുകൊണ്ട് സ്ത്രീകള്‍ക്കുനേരെ അനുദിനം അക്രമങ്ങള്‍ വര്‍ച്ചു വരുന്നു...?


സ്ത്രീ കുടുംബത്തിന്റെ മാത്രം വിളക്കായിരുന്നില്ല സ്മൂഹത്തിന്റേതു കൂടിയായിരുന്നു. പിന്നീടവളെ പൊതുവഴിയിലെ വര്‍ണചിത്രങ്ങള്‍ക്ക് വശ്യഭംഗി പകരാന്‍ അവളുടെ നഗ്നമായ മേനിയെ ഉപയോഗിക്കാന്‍ തുടങ്ങി..കേവലം ചാണകം വില്‍ക്കാന്‍ വരെ സ്ത്രീയുടെ നഗ്നമേനിപ്രദര്‍ശിപ്പിക്കുന്നു..! വിവാഹസമയത്ത് മാത്രമല്ല മറ്റുപലയിടങ്ങളിലും സത്രീയെ വില്പനചരക്കാക്കി..ചാനലുകളില്‍ അവളുടെ സംസാരത്തിനും നാട്യത്തിനുമായി പ്രാധാന്യം.അവളോടുകിന്നരിക്കാന്‍ ആളുകള്‍ മത്സരിക്കാന്‍ തുടങ്ങി.


സംഭവങ്ങളില്‍നിന്നു പാഠമുള്‍കൊണ്ട് ജീവിതത്തെ ചിട്ടെപ്പെടുത്തുന്നതിനു പകരം ഈ അധ:പതനത്തിന്റെ കുഴിതോണ്ടാന്‍ സ്ത്രീ തന്നെ കാവല്‍നില്‍ക്കാന്‍ തുടങ്ങി ..ബര്‍ദുബായിലെതെരുവിലൂടെ നടക്കുമ്പോള്‍ പലപ്പോഴും എന്റെ കണ്ണുകളെ നിയന്ത്രിക്കാന്‍ പ്രയാസപ്പെടേണ്ടിവരാറുണ്ട്. വസ്ത്രം ശരീരം മറക്കാനെന്ന യാദാര്‍ത്ഥ്യത്തില്‍ നിന്ന് മാറി മറ്റു ശരീര ഭാഗങ്ങളിലെ നഗ്നതക്കുവശ്യഭംഗി പകരാന്‍ വേണ്ടി ഉപയോഗിക്കുന്ന വിരോധാഭാസം ! സ്ത്രീയുടെ സംസാരവും ആംഗ്യങ്ങളും വസ്ത്രധാരണ രീതികളും ഒരു പുരുഷനെ സ്വാധീനിക്കുന്നു എന്ന ആധുനികപഠനങ്ങള്‍ വ്യകതമാക്കുന്നു. ഒരു വ്യക്തി ഒരു തീരുമാനമെടുക്കുമ്പോള്‍ 85% താന്‍ കണ്ട കാഴ്ചകളും 13 % കേള്‍വികളും 1.5% സ്പര്‍ശവും 1.5% മണവും ആ തീരുമാനത്തെ സ്വാധീനിക്കുന്നുണ്ടത്രെ..! നാലുചുമരുകള്‍ക്കുള്ളില്‍ നാം തനിച്ചാകുമ്പോള്‍ വരുന്ന ചിന്തകള്‍ക്ക് ഈ കഴ്ചയുടെയും കേള്‍വിയുടെയും പങ്കുണ്ട്.നമ്മുടെ നിത്യജീവിതവുമായി ഈ പഠനത്തെ തട്ടിച്ചുനോക്കുന്നത് നന്നായിരിക്കും.


സ്ത്രീയാകട്ടെ തന്റെ വ്യക്തിത്വത്തിന്റെ മഹാത്മ്യത്തെ കണ്ടറിയുകയും സംഭവങ്ങളില്‍നിന്ന് പാഠമുള്‍ക്കൊള്ളുകയും വേണം.അടുത്ത തലമുറയുടെ പിറവി അവളുടെ ഉദരത്തിലാണു കുടിക്കൊള്ളുന്നത്. നമ്മുടെ നാടിന്റെ സംസ്കാരത്തിലേക്ക് നാം തിരിഞ്ഞുനടക്കേണ്ടിയിരിക്കുന്നു, ദ്രൌപതി വസ്ത്രാക്ഷേപം ചെയ്തപ്പോള്‍ വസ്ത്രം നല്‍കിയത് ശ്രീകൃഷ്ണനാണ്. നിങ്ങളില്‍ ഏറ്റവും നല്ലവന്‍ സ്ത്രീകളോട് നല്ലരീതിയില്‍ പെരുമാറുന്നവനാണെന്ന് മുഹമ്മദ് നബി (സ).

ഓരോ സ്ത്രീയും മാതാവും ഭാര്യയും സഹോദരിയുമാണെന്ന തിരിച്ചറിവിലേക്ക് നാം മടങ്ങുക മാത്രമല്ല സമൂഹത്തെ ബോധവത്കരിക്കേണ്ടതുകൂടിയുണ്ട് ഈ കര്‍ത്തവ്യത്തിനുവേണ്ടി ഇടകെങ്കിലും നമുക്ക് ജീവനു മതമുണ്ടാക്കുന്നതില്‍ നിന്നും മിസ് കണ്‍ജീനിയാലിറ്റിയെ തിരഞെടുക്കുന്നതില്‍ നിന്നും തിരിച്ചുവരാം.

------------------------------------------------------------------------------------

ഈ വിഷയത്തോട് ബ‌ന്ധപ്പെട്ട രണ്ടു വര്‍ത്താമാനങ്ങള്‍:-

ആറുപേര്‍ ബലാത്സംഗം ചെയ്ത് കുട്ടിയെ കാണാന്‍ ആളുകള്‍ തടിച്ചുകൂടുന്നത് അവളോടുള്ള സഹതാപം കൊണ്ടല്ല... കൂട്ട ബലാത്സംഗം ചെയത അവളെ കാണാനാണ് ”-ലാല്‍ ജോസ്

“ഒരാണും പെണ്ണും അടുത്ത മുറിയിലേക്ക് കയറിപ്പോയാല്‍ അവരിപ്പോള്‍ എന്തു ചെയ്യുകായാണെന്നാലോചിച്ച് അസ്വസ്തരായി കണ്ണുകൊണ്ട് ഉലാത്തുന്ന ഏക സ്മൂഹം മലായാ‍ളികള്‍ മാത്രമാണ് ”-ശിഹാബുദ്ദീന്‍ പോയ്ത്തുംകടവ്

Read more...

Sunday, June 15, 2008

സാന്ത്വനം പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍-ഒര്‍മ്മകുറിപ്പ്



പടികള്‍ ചവിട്ടുമ്പോള്‍ ഞാനറിഞിരുന്നില്ല ജീവിത യാത്ഥാര്‍ത്യത്തിന്റെ ചുട്ടുപോള്ളുന്ന നിമിഷങ്ങളാണ് ഇനിയെന്ന്, വളരെ യാദൃശ്ചികമായാണ് എടപ്പാള്‍ ‘സാന്ത്വനം പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറില്‍’ ഞാനെത്തിപെടുന്നത് പിന്നിട് ഒന്നരവര്‍ഷത്തോളാം അതായിരുന്നു എന്റെ ജീവിത പാഠശാല.

പാലിയേയീവ് കെയറില്‍ കാന്‍സര്‍ രോഗികളായിരുന്നു കൂടുതലും ഉണ്ടായിരുന്നത് , ‘ജീവിതത്തിന്റെ
ആഗ്രഹങ്ങളേയും സ്വപനങ്ങളേയും അര്‍ബുദം കീഴടക്കിയവര്‍’ ഒരുപാട് നാളത്തെ അറുതിയില്ലാത്ത
രോഗത്തിനും ചികിത്സക്കും ശേഷം അവസാനം അര്‍ബുദമാണ് എന്ന് തിരിച്ചറിയുന്നു, ഫലമുണ്ടാകില്ല എന്നറിഞുകോണ്ട് തന്നെയുള്ള ഒരുപാട് ചികിത്സകള്‍ പിന്നീട്. ഇത് രോഗിക്ക് ശമനമല്ല ..കൂടുതല്‍ ബുദ്ദിമുട്ടാണ് സാധാരണ ഉണ്ടാക്കാറ്. ഇനി ഈപടികള്‍ കയറേണ്ട കാര്യമില്ല എന്നും ഒരു ചികിത്സയും ബാക്കിയില്ലെന്നുമുള്ള ഡോകടറുടെ ശാസനയില്‍ ആശുപത്രിയില്‍ നിന്നും മടങ്ങിയവര്‍...ഇനി മുന്‍പിലുള്ളത് മരണത്തിലേക്കുള്ള ദിവസങ്ങളാണ്...പാലിയേറ്റീവ് കെയര്‍ കോണ്ട് ഈ ദിവസങ്ങളുടെ ദൈര്‍ഖ്യം കൂടുകയോ കുറയുകയോ ചെയ്യുന്നില്ല ഈ ദിവസങ്ങള്‍ക്ക് ‘ജീവന്‍ നല്‍കുക’എന്നതോഴിച്ച്.

കാന്‍സര്‍ രോഗിയെ മറ്റുരോഗികളില്‍ നിന്നും വേര്‍തിരിക്കുന്ന ഘടകങ്ങള്‍ ഒരുപാടുണ്ട്, ഒരു ദിവസം രോഗിയാണെന്നറിഞുള്ള ഒറ്റപെടല്‍, അടുത്ത സുഹൃത്തിനെ പോലും നഷ്ട്പെട്ട ഏകാന്തവാസം,തന്റെ ചികിത്സക്കായ് സര്‍വ്വധും ചിലവഴിച്ച് കൈയ്യിലോന്നുമില്ലാത്ത കുടുംബം,മകളെ കെട്ടിച്ചയക്കാനുള്ള പിതാവിന്റെ ദുഖം, കുടുംബത്തിന്റെ ജീവിതോപാധിയെ ഓര്‍ത്തു ഉറക്കം നഷ്ട്പ്പെട്ട് കുടുംബനാധന്‍..ഈ യെല്ലാവേദനക്കും പരിഹാരമായ് ഡോകടര്‍ക്ക് നല്‍കാനുള്ളത് കേവലം ഒരു ‘വേദനാസംഹാരി’ മാത്രമാണ് ഇതാകട്ടെ അയാളുടെ ശാരീരികവേദനയുടെ ഒരു ശതമാനം മാത്രം പോലും പരിഹാരമാകുന്നുമില്ല!, ബാക്കിവരുന്ന അയാളുടെ മാനസികവേദനക്ക് കൂടി പരിഹാരം കണ്ടെത്തുക എന്നതാണ് പാലിയേറ്റീവ് കെയര്‍, ഇത് ചികിത്സയല്ല സ്നേഹം പകര്‍ന്നു നല്‍കാനുള്ള ശ്രമമാണ് അതിന്റെ നട്ടെല്ല് എന്ന് പറയുന്നത് കമ്മ്യൂണിറ്റി വളണ്ടിയര്‍ ആണ് . ഇങ്ങനെയുള്ള് ഒരു വളണ്ടിയറായി പ്രവര്‍ത്തിക്കാനായാണ് ഞാന്‍ സാന്ത്വനത്തില്‍ എത്തിയത്.

രോഗിയെ ഒരിക്കലും രോഗിയായിമാത്രം കാണരുത് എന്നും രോഗം രോഗിയുടെ മാത്രമല്ല സമൂഹത്തിന്റെ കൂടിയാണെന്ന തിരിച്ചറിവില്‍ നിന്ന് നാം ആ വഴികള്‍ നടക്കാനാരംഭിക്കുന്നു.ഒരു കമ്മ്യൂണിറ്റി വളണ്ടിയറുടെ വലിയ ലക്ഷ്യം രോഗിയുമായി സംസാരിച്ച് കണ്ണില്‍ നിന്നും ഒരിറ്റെങ്കിലും കണ്ണുനീര്‍ പോടിയിക്കുക എന്നതാണ്, സംസാരിക്കാനുദ്ദേശിക്കുന്ന രോഗിയുടെ അസുഖത്തിന്റേയും വ്യക്തിപരവുമായ സര്‍വ്വവിവരങ്ങളുമടങ്ങിയ ഫയല്‍ വായിച്ച് ഡോക്ടറോടും മറ്റു സ്റ്റാഫിനോടും സംശയങ്ങള്‍ ദൂരികരിച്ച് ഒന്നുങ്കില്‍ നാമയാളുടെ വീട്ടില്‍
പോയോ ക്ലിനിക്കിലെ ആളോഴിഞമൂലയില്‍ വെച്ചോ സംസാരിക്കാനാരംഭിക്കുന്നു,ഒരിക്കലും നാം രോഗത്തെ കുറിച്ച് നേരിട്ട് ചോദിക്കുന്നില്ല,സാധാരണ സമൂഹത്തില്‍ കണ്ടുമുട്ടിയ ഒരളുമായുള്ള സംഭാഷണത്തിലേതെന്ന പോലെ ക്രെമേണ അയാളുടെ മനസിലേക്കിറങ്ങിച്ചെന്ന് മാനസിക പിരിമുറുക്കത്തെ ദീര്‍ഖമായ സംസാരം കൊണ്ട് അയവു വരുത്തുകയും ആവശ്യങ്ങള്‍ മനസിലാക്കി അതിന്റെ പൂര്‍ത്തീകരിച്ച് കോടുക്കുകയുമാണ് ഈ കമ്മ്യൂണികേഷന്‍ പ്രോസസിലൂടെ ഉദ്ദേശിക്കുന്നത്.

പ്രിയപ്പെട്ട ഡോകടര്‍ ജയകൃഷ്ണന്റെ നിര്‍ദേശപ്രകാരം വട്ടംകുളത്തെ ‘കുഞിമാളുടത്തിയുടെ’വീട്ടില്‍ പോയത് ഞാനിന്നുമോര്‍ക്കുന്നു, പ്രായം നാല്പതുപിന്നിട്ടിരിക്കുന്നു എങ്കിലും കല്യാണം കഴിച്ചിട്ടില്ല അതേ പ്രായമുള്ള് ഒരകന്ന ബന്ദുവിനോടു കൂടിയായിരുന്നു കുഞിമാളുടത്തി താമസിച്ചിരുന്നത്. പുറം തേച്ചിട്ടില്ലാത്ത പഴയ ചാണകമടിച്ച വീട്. സാന്ത്വനത്തില്‍ നിന്നാണെന്നു പറഞപ്പോള്‍ വളരെ സന്തോഷത്തോടെ എന്നെ ക്ഷണിച്ചിരുത്തി, ക്ഷേമന്വേഷണങ്ങള്‍ക്കിടയില്‍ പെട്ടെന്നേന്റെ രണ്ടും കൈയ്യും പിടിച്ച് എന്നോട് ചോദിച്ചു “മരിക്കാനുള്ള വല്ല മരുന്നും എന്റെ കുട്ട്യെനിക്ക് തരുമോ?” എന്ന് ശരിക്കും ഞാന്‍ തകര്‍ന്നുപോയി എന്റെ ഉമ്മ എന്നോടിങ്ങനെ ചോദിക്കുന്ന അവസ്ത്ഥ ..ഞാന്‍ കോടുക്കേണ്ട മറുപടി അതുമാത്രമായിരുന്നു എന്റെ മനസ്സില്‍.. കുറച്ചുനേരത്ത് നിശബ്ദതക്കു ശേഷം ഞാന്‍ കുഞിമാളുടത്തിയുടെ കൈ എന്റെ കൈയില്‍ പിടിച്ചു ചോദിച്ചു “എന്തേ ഇപ്പോള്‍ ഇങ്ങനെ ചോദിക്കാന്‍”? മറ്റോരു മറുപടിയും എന്റെ കയിലുണ്ടായിരുന്നില്ല.
ക്ലിനിക്കില്‍ നിന്നും നല്‍കിയ മരുന്നിന്റെ പോതിയെടുത്ത് നോക്കിയപ്പോള്‍ രണ്ടു ദിവസമായി മരുന്നു കഴിക്കല്‍ നിര്‍ത്തിയിര്‍ക്കുന്നു.ഞാനങ്ങോട്ട് ചോദിക്കുന്നതിനു മുന്‍പെ എന്നോടിങ്ങോട്ട് പറഞ്ഞു “അതോന്നും കഴിച്ചു കാര്യല്ല്യകുട്ട്യെ എല്ലാത്തിനും പരിഹാരം ഇതുണ്ട്” എന്നു പറഞു കൈയില്‍ കെട്ടിയ ചരട് കാണിച്ചുതന്നു. നമുക്കെന്തെങ്കിലും കഴിക്കാം എന്നു പറഞു ഞാന്‍ അടുക്കളയില്‍ കയറി നോക്കിയപ്പോള്‍ ഒരു മണ്‍ചട്ടിയില്‍ ഒരുത്തിരി കഞിയിരിക്കുന്നു അതെടുത്ത് കോടുന്നു കോടുത്തു.അത് കുടിച്ചുകോണ്ടിരിക്കുമ്പോള്‍ ദൈവത്തിന്റെ വികൃതിയേയും വിധിയേയും പഴിച്ച് കുറെ കരഞു, അതു തിരാനായപ്പോള്‍ ഞാന്‍ ചോദിച്ചു ഇനിയെന്തെങ്കിലും കുഞിമാളുടത്തിക്കു കുടിക്കണോ എന്ന് വലിയോരു ആഗ്രഹം പോലെ ‘ ഒരിത്തിരി പാലുകുടിക്കണമെന്നു’ പറഞു എന്റെ കണ്ണുനിറഞുപോയി ഞാനപ്പോള്‍തന്നെ പോയി പാലും ബിസ്കടും കേക്കും വാങ്ങികോണ്ടു കോടുത്തു. ജീവിതത്തില്‍ വല്ലാത്തൊരു ആത്മസംതൃപ്തിനിറഞ്ഞ നിമിഷമായിരുന്നു അത് , പിന്നീട് പലപ്പോഴും കുഞിമാളുടത്തിയുടെ വീട്ടില്‍ പോകുകയും ക്ലിനിക്കില്‍ നിന്നു കണ്ടുമുട്ടുകയും ചെയ്യുമായിരുന്നു ആ പതിവ് ഇങ്ങോട്ട് വരുന്നതുവരേയും തുടര്‍ന്നു.

കുഞിമാളുടത്തി ഒരു പ്രതിനിഥി മാത്രമായിരുന്നു, നാലു വയസ്സുള്ള അശ്വിന്‍ മുതല്‍ കാലുകള്‍ക്ക് തളര്‍ച്ച ബാധിച്ച് പതിനേഴുകാരി അനീഷയും ഇങ്ങനെയുള്ള എകദേശം മുന്നൂറോളം പേരുണ്ടായിരുന്നു ക്ലിനിക്കില്‍ രജിസ്റ്റര്‍ ചെയ്ത് ചികിത്സ തേടിയിരുന്നവര്‍,ചില മനുഷ്യസ്നേഹികളുടെ സഹായത്തോടെ ഞങ്ങള്‍ അനീഷക്കു വീല്‍ചെയര്‍ സമ്മാനിച്ചു..കരിഞുണങ്ങിയ ചിറകുകള്‍ക്കു പകരം പുതിയവ ലഭിച്ച പറവയെ പോലെയായിരുന്നു അന്നവള്‍ ..ഒത്തിരിപേര്‍ ഇങ്ങനെ ജീവിതത്തിനും മരണത്തിനുമിടയില്‍..
അമ്പതുകഴിഞിരുന്നു ജാനകിച്ചേച്ചിയുടെ പ്രായം.കൂറ്റനാടിനത്തുള്ള റബ്ബര്‍ തോട്ടത്തിനോട് ചേര്‍ന്നുള്ള കുന്നിന്‍ മുകളിലായിരുന്നു താമസം, ഒരുപാട് നാളായു അര്‍ബുദം ബാധിച്ച് കിടപ്പിലായിട്ട്.ഭര്‍ത്താവ് വേലായുധേട്ടന്‍ അതിരാവിലെ റോഡരികിലെ പൈപ്പില്‍നിന്നും വേള്ളം പിടിച്ച് മുകളില്‍ കോണ്ടുവെക്ക്കുകയും കഴിക്കാനുള്ളത് എന്തെങ്കിലും പാചകം ചെയ്തുവെച്ച് മത്രമയിരുന്നു കൂലിപണിക്ക് പോയിരുന്നത് അത് മത്രമായിരുന്നു രണ്ട് അംഗങ്ങളുള്ള ആ കുടുംബത്തില്‍ സംഭവിച്ചിരുന്നത്, ഒരു ദിവസം പത്തുമണിയോടുകൂടി ക്ലിനിക്കിലേക്ക് ഫോണ്‍ വന്നു വേലായുധേട്ടന്‍ മരിച്ചിരിക്കുന്നു..ഒരു തുണ്ട് ഭൂമിപോലും ഇല്ലാത്തവെര്‍ക്കെന്ത് ബന്‍‌ധുക്കള്‍! ആരും വന്നില്ല ജാനകിച്ചേച്ചിയെ ഏറ്റെടുക്കാന്‍, അവസാനം ഞ്ഞങ്ങള്‍ തന്നെ കോഴിക്കോട് ആശ്രയയിലെത്തിച്ചു. ഒരാഴ്ചയാകുമ്പോഴേക്ക് മരണം ആ ജീവിതത്തോട് കാരുണ്യം കാണിച്ചു! ആംബുലന്‍സിന്റെ സ്ട്രെക്ചറില്‍ താങ്ങികൊണ്ടുവന്ന രംഗം ഇന്നും മനസ്സില്‍ മായാതെ കിടപ്പുണ്ട്. ബിരുദപഠനത്തിനിടയിലും ഐശ്വര്യ ജ്വല്ലറിയിലെ പാര്‍ട് ടൈം ജോലിക്കിടയിലുമായിരുന്നു ഞാനീ കര്‍ത്തവ്യത്തില്‍ പങ്കാളിയായിരുന്നത്.

ക്ലിനിക്കില്‍ എത്താന്‍ പ്രയാസമുള്ള രോഗികളേയും , അവര്‍ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മനസ്സിലാക്കുവാനും വേണ്ടി ആഴ്ചയിലോരിക്കല്‍ ഡോക്ടറും നഴ്സും വളണ്ടിയേഴ്സും കൂടെ രോഗികളുടെ വീടുകള്‍ സന്ദര്‍ശിക്കുമായിരുന്നു ,ഇതിന്റെ പാലിയേറ്റീവ് കെയറില്‍ ‘ഹോം കെയറ്’ എന്ന് വിളിക്കുന്നു. തന്റെ സ്റ്റെതസ്കോപ്പ് പാന്റിന്റെ പോകറ്റില്‍ തിരുകിവെച്ച് ആ വീട്ടിലോരഗത്തെപോലെയായിരുന്നു ഡോക്ടര്‍ ജയകൃഷന്‍ പല വീടുകളുലും കയറീച്ചെല്ലാറ്..ആ സ്നേഹത്തില്‍ ഡോക്ടര്‍ കമറുദ്ദീനും ഡോക്ടര്‍ രവീന്ദ്രനും ഡോക്ടര്‍ ബൈജുവും ഒട്ടും കുറവു വരുത്തിരുന്നില്ല.


പെരുന്നാളിനും ഓണത്തിനും മറ്റും തുണിക്കടകളില്‍ നിന്നും വസ്ത്രങ്ങള്‍ ശേഖരിച്ച് പാവപ്പെട്ട രോഗികള്‍ക്ക് നല്‍കുമായിരുന്നു. ഒരു പെരുന്നാളിനു തലേ ദിവസം നബീസുമ്മയുടെ വെള്ളത്താല്‍ ചുറ്റപെട്ട ചങ്ങരംകുളത്തെ വീട്ടില്‍ ഞാന്‍ കയറിചെന്നു അവരെനിക്കു ചായയും ചെറുപലഹാരവും തന്നു, ക്ലിനിക്കില്‍നിന്നുള്ള പെരുന്നാളിന്റെ സമ്മാനം എന്നു പറഞു ഞാനോരു വസ്ത്ര പോതി ഉമ്മയുടെ കയ്യില്‍ വെച്ചുകോടുത്തു അന്നേരം എന്റെ രണ്ടു ചുമലിലും പിടിച്ചെന്നെ അനുഗ്രഹിച്ചു അവരുടെയോക്കെ ആ കുരുത്തമാണ് എന്നെ ഈ പ്രവസജീവിതത്തിലും ഒരിറ്റു വേദനയുമില്ലാതെ സര്‍വ്വശക്തന്‍ സംരക്ഷിക്കുന്നത് എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.

ജനങ്ങള്‍ അകമഴിഞ്ഞ് സഹകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുമായിരുന്നു സാന്ത്വനം ക്ലിനിക്കിനെ. ഒരു ദിവസം രത്രി ഒരു രോഗുയുടെ ബന്ദുക്കള്‍ എന്നെ അന്നേശിച്ചു വന്നു ഡോകടര്‍ വിളിച്ചു വരുന്നില്ലെന്നും അസുഖം കൂടുതലാണെന്നും പറഞാണ് അവര്‍ വന്നത്.എന്നെ ഒരുപാട് നിര്‍ബന്‍‌ദിച്ചതുകൊണ്ട് ഞാന്‍ പോയി, അവിടെ ആര്‍ക്കും ഒന്നും ചെയ്യാനില്ല.ആ വീട്ടില്‍ എല്ലാവരും ഉറക്കമുളച്ചിരിക്കുന്നു, ഞാന്‍ ഉമ്മയുടെ മുറിയിലേക്കുകയറി. പിച്ചും പേയും പറഞുകോണ്ടിരിക്കുന്നു ഗുളികപോതിയെടുത്തുനോക്കിയപ്പോള്‍ കൊടുത്തിരിക്കുന്ന മോര്‍ഫിന്റെ അളവു കൂടുതലാണ്, കേവലം നാലുമണിക്കൂര്‍ മത്രമെ മോര്‍ഫിന്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുകയുള്ളൂ അടുത്ത ഡോസുവരെ ഞാന്‍ അവിടെ ഇരുന്നു, അടുത്ത ഡോസ് നേരെ പകുതിയായി കുറച്ചു ഗുളിക കൊടുത്തു, അല്പം കഴിഞ്ഞപ്പോള്‍ പിച്ചും പേയും പറയുന്നതവസാനിച്ചു.. ചര്‍ദ്ദിക്കു ശമനവും വന്നു, രോഗിക്കും വീട്ടുകാര്‍ക്കും ഇത്തിരി സമാധാനമായി, സാന്ത്വനത്തിന്റെ ഭാഗമായതുകോണ്ട് അത്രയുംചെയ്യാന്‍ കഴിഞു.

കേവലം ‘പാവപ്പെട്ട രോഗികളെ സഹായിക്കാനുള്ള മനസുണ്ടായിരിക്കുക’ എന്നതാണ് കമ്മൂണിറ്റി വളണ്ടിയറായി പ്രവര്‍ത്തിക്കാനുള്ള ഒരേഒരു യോഗ്യത പ്ക്ഷെ അതിനു മാത്രം ആരേയും കിട്ടുന്നില്ല.!

സാന്ത്വനത്തിന്റെ വളണ്ടിയര്‍ സെക്രട്ട്രി പ്രദീപ് ഇന്നലെ എന്നെ വിളിച്ചിരുന്നു..ദീര്‍ഖകാലാമായി കിടപ്പിലുള്ള രോഗികള്‍ക്ക് ശരീരം മുഴുവന്‍ വൃണങ്ങള്‍ ഉണ്ടാകാറുണ്ട് അതിനു പരിഹാരം വാട്ടര്‍ ബെഡ്ഡില്‍ കിടത്തുക എന്നതാണ്..പതിനാറു വാട്ടര്‍ബെഡ്ഡുകള്‍ സമാഹരക്കാനുള്ള ശ്രമത്തിലാണവര്‍ അതറിയിക്കാന്‍ മാത്രമാണ് എന്നെ വിളിച്ചത്..അത് ബ്ലോഗിലൂടെ നിങ്ങളെ അറിയിക്കാന്‍ വേണ്ടി ഒരുപാട് നാളേക്കു ശേഷം ഇങ്ങനെയോരു കുറിപ്പിടുന്നു...,

പ്രതീക്ഷയോടെ,


സാന്ത്വനത്തെകുറിച്ച് കൂടുതലറിയാന്‍,

സാന്ത്വനം പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍,
പി ഒ.ഇടപ്പാള്‍
എടപ്പാള്‍ ആശുപത്രിക്കു സമീപം
എടപ്പാള്‍.
ഫോണ്‍:+ 91 494 2684700

ഡോ: എ ഐ കമറിദ്ദീന്‍- +91 944 7878 447

പ്രദീപ് -+91 9388101361 [pradeepji123@gmail.com]

Read more...

Thursday, November 29, 2007

ജീവിക്കാനുള്ള ആഗ്രഹം


കാര്‍പോര്‍ച്ചിന്റെ തൂണിനോട് ചേര്‍ന്ന് കസേര ചാരിവെച്ച് അതിലീരിക്കുവാനായിരുന്നു അച്ചനിഷ്ട്ം ,അവിടെയിരുന്നാല്‍ മാവില്‍നിന്നുള്ള കാറ്റുകിട്ടുമത്രെ..


വിധിയേയും ജീവിതത്തേയും പഴിച്ചുകൊണ്ട് ചരുകസേരയില്‍ ഇരുന്നുകൊണ്ട്തന്നെയായിരുന്നു അസ്തമയങ്ങള്‍ക്ക് സാക്ഷിയാവല്‍.
വല്ലാത്തോരു വിങ്ങലുണ്ടായിരുന്നു ആ ഇരുത്തത്തില്‍, എന്തോക്കേയോ പറയാന്‍ ശ്രമിക്കും ഒന്നും പൂര്ണമായിരുന്നില്ല."അമ്മയില്ലാത്തതിന്റെ വേദന ഞാനവനെ അരറിയിച്ചിരുന്നോ...?എന്ത് തെറ്റാ ഞാനവനോട് ചെയ്തത്.."വിവാഹം കഴിക്കും മുമ്പെ പറന്നതല്ലേ അവന്‍..ഈ വഴിമാത്രം മറക്കാന്‍ എന്തുണ്ടായി...? ഇടക്കിടെ ഈ ചോദ്യം വായില്‍നിന്നും അറിയാതെ പുറത്തു വന്നിരുന്നു..അത്മഗതം പോലെ,

ആവഴിയെ മറ്റാരും വരാറുണ്ടായിരുന്നില്ല, പ്രതീക്ഷിക്കുന്നത് മരണത്തെ മാത്രമാണ്‌! എത്രയും പെട്ടെന്നാവണമെന്നുള്ള ആഗ്രഹവും..
തീന്‍‌മേശയില്‍ ഭക്ഷണം സമയത്തിനെത്തിയിരുന്നു, 'അതില്‍ കവിഞ് എന്തുവേണമെന്ന്' വല്ലപോഴും വിളിക്കുമ്പോള്‍ മകന്‍ ചോദികുമെത്രെ..

"ഈയിടെയായി ഭക്ഷണത്തിന്‌ തീരെ രുചിയില്ലാതായിരിക്കുന്നു", എപ്പോഴാണ്‌ ഭക്ഷണത്തിന്‌ രുചിയുണ്ടാകുക ?സ്വന്തം കൈകള്‍കോണ്ട്‌ അദധ്വനിചതില്‍ നിന്ന് കഴിക്കുമ്പോഴോ.. അതോ ഏറെ സ്നേഹിക്കുന്നവര്‍ വെച്ച് വിളമ്പി തരുമ്പോഴോ..?

അവസാനം മകനെത്തി കുടുംബവും..മൂന്നുമക്കള്‍ക്കും ഒരേ മുഖചായ അചന്റെ..!ഇളയപെണ്‍കുട്ടി അചന്റെ കാലില്‍ നിന്നും പിടിവിട്ടിരുന്നില്ല ഉറങ്ങുമ്പോള്‍ പോലും..ചുറ്റും ചിരികള്‍,
കുട്ടികള്‍, പ്രിയപെട്ട മകന്‍,മരുമകള്‍..
ജീവിക്കാനുള്ള അച്ചന്റെ അതിയായ ആഗ്രഹം പതുക്കെ തലപൊക്കിതുടങ്ങി.ഓരോനിമിഷത്തെയും സ്നേഹിക്കാനും..

ആയുസ്സിന്റെ കണക്കുപുസ്ത്തകത്തില്‍ തിരുത്തലുകള്‍ ഇല്ലത്രെ..!ജീവിക്കാനുള്ള ആഗ്രഹം മാത്രം ബാക്കിയായി..

Read more...

Wednesday, September 5, 2007

പ്രാര്‍ത്ഥന



പ്രാര്‍ത്ഥന എനിക്കെന്നും ആനന്ദവും ആശ്വസവും ആയിരുന്നു.അത്‌ ദൈവത്തിനോട് മാത്രം ആയിരിക്കണേ എന്ന കര്യത്തില്‍ എനിക്ക്‌ നിര്‍ബന്ധമുണ്ട്‌.മാറ്റാരുമായും അത് പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹികുന്നില്ല അല്പം പോലും...


ഓരോന്നായി നഷ്ട് പെടുമ്പോഴണ്‌ പ്രാര്‍ത്ഥന യുടെ ആഴവും കാഠ്യന്യവും വിശ്വസവും വര്‍ദ്ധിക്കുക!എല്ലാം നേടിയവനേക്കാള്‍ ആശ്വസം അതുനല്‍കുകയും ചെയ്യുന്നു.ഏന്റെ പ്രാര്‍ത്ഥനകളില്‍ എന്റെ കണ്ണുനീരിനെ കൂടി പങ്കാളിയാക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്‌. പ്രര്‍ത്ഥന എപ്പൊഴും ആഗ്രഹങളും അഭിലാഷങളും വ്യാകുലതകളുമായി ബന്ധപ്പേട്ടത് തന്നെയായിരിക്കും.


ഒരു നല്ലമനുഷ്യനായി ജീവിക്കാന്‍ കഴിയണേ..എന്നത് മത്രമാണ്‌ എന്റെ ഏറ്റവും വലിയ അഭിലാഷം! ദൈവം നല്‍കിക്കൊണ്ടിരിക്കുന്ന അനുഗ്രഹങള്‍ക്ക് നന്ദിചെയ്യാന്‍ കഴിയണേ..എന്നതാണ്‌ വലിയ പ്രാര്‍ത്ഥന,അലപ്പം പോലും അതിനോപ്പമെത്താന്‍ എനിക്കു കഴിയുന്നുമ്മില്ല.!പ്പ്രിയപെട്ടവരോടെല്ലാം എന്റെ കുടുംബത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ അപേക്ഷിക്കാറുണ്ട്‌ അതുപോലെ തന്നെ ചെയ്യാന്‍ ഞാന്‍ ശ്രദ്ധിക്കാറുമുണ്ട്‌.
പ്രാര്‍ത്ഥനയെക്കാളേറെ ഭാരം ഇറക്കിവെക്കാന്‍ കഴിയുന്ന അത്താണി വേറെയുണ്ടോ ?വഴിയില്ല !! മനസ്സുത്തുറന്നു പ്രര്‍ത്ഥിച്ചാല്‍ ലഭിക്കുന്ന ആശ്വസം മറ്റെന്തിന്‌ പകരം വെക്കാനാകും?അതിനെക്കാളുപരിയായ വല്ല ശക്തിയുമുണ്ടോ?? പ്രാര്‍ത്ഥന ദൈവത്തിന്‍റെ അനുഗ്രഹവും കരുണയും തന്നെയാണ്‌,അതവന്‍ ഏറ്റെടുത്താല്‍ പിന്നെ നാമെന്തിന്‌ വ്യാകുലപ്പെടണം?


ഒരു നല്ലമനുഷ്യനായി ജീവിക്കുക എന്നതാണ്‌ ജീവിത ലക്‌ഷ്യത്തിന്റെ ആകെ തുക, ഒരു നല്ല മനുഷ്യനാകാന്‍ ശ്രമിക്കുമ്പോള്‍ നല്ല മകനും, നല്ല സഹോദരനും, നല്ല സുഹൃത്തും നല്ല ഭര്‍ത്താവും നല്ല പിതാവും അല്ലാതാകുമോ?? ഇവിടേയും പ്രാര്‍ത്ഥന എന്റെ സഹായത്തിനെത്തുന്നു..

Read more...

Tuesday, September 4, 2007

പ്രവാസം



നഷ്ടപെടുന്നതിന്റെ വേദനയുടെ ആഴം തിരിച്ചറിയുന്നതിനു മുന്‍പെ ആഗ്രഹിക്കാത്ത ലോകത്തേക്കുള്ള ഒരു യത്ര.ഈ പ്രവസ ജീവിതം ഒളീച്ചേട്ടം തന്നെയാണ്..

പിറന്ന നാട്ടില്‍ നിന്നും...
അമ്മതന്‍ മടിയില്‍ നിന്നും...
നടക്കാന്‍ ഇഷ്ട്പ്പെട്ട മാമ്പഴത്തിന്റെ മണമുള്ള ഇടവഴികളില്‍ നിന്നും
ഒന്നുകൂടെ മുങ്ങിതാവാന്‍കൊതിക്കുന്ന പടിഞ്ഞാറെ മുക്കിലെ കുളത്തില്‍ നിന്നും ...
പ്രിയപ്പെട്ട ക്ലാസുമുറിയില്‍ നിന്നും,
പനിവരുവോളം നനയാന്‍ കൊതിച്ച മഴയില്‍ നിന്നും ...
സ്നേഹിച്ച പെണ്ണില്‍ നിന്നും..
അപൂര്‍ണമായ മൗന സമ്മതത്തോടു കൂടി,ജീവിതത്തിന്റെ വഴികളില്‍ തിരിഞ്ഞു നില്‍ക്കാനാകില്ല എന്നതുക്കോണ്ടും എത്തിപിടിക്കനുള്ള വ്യഗ്രത കൊണ്ടും മത്രമുള്ള ഒരു ഒളിച്ചോട്ടം.

അതുക്കോണ്ടു തന്നെ മനസ്സിപ്പോഴും എന്റെ പ്രിയപ്പെട്ട ഗ്രാമത്തില്‍ തന്നെയാണ്,ഈമട്ടുപാവിന്റെ മുകളില്‍ നിന്നും ഉറക്കമുണരുന്നത് പലപ്പോഴും ബാവക്കയുടെ ചായകടയില്‍ ഇരികുന്നവനായിട്ടു തന്നെയാണ്.പക്ഷെ ജീവിതം ഇങ്ങിനെ തന്നെയാണ് നമ്മളാഗ്രഹിച്ച വഴികളില്‍ നിന്നും വളരെ വ്യത്യസ്തമായി അത് മുന്നോട്ട് പോയി കൊണ്ടിരിക്കും.
എന്നാല്‍ ഇതും പ്രിയപ്പെട്ടതു തന്നെയല്ലെ? തിന്നുമുടിക്കാനായി മത്രം കെട്ടി ഉയര്‍ത്തപ്പെട്ട, ടെലിവിഷനില്‍ മാത്ര്ം കണാറുള്ള പ്രൗഢിയുടെ ചിഹ്ന്നങള്‍ ഇന്ന് പലതും എന്റെ മട്ടുപാവിനടുത്താണ്.ശ്യൂന്യ്മായിരുന്ന കൈകള്‍ക്ക് ഇന്നത്രമാത്ര്ം ശൂന്യതയില്ല, സംസ്കാരങ്ങള്‍, ആത്മാക്കള്‍, സൌന്ദര്യം ,ആര്ഭാടങ്ങള്‍ പലതും കണുന്നു,കാണാന്‍ അഗ്രഹിച്ചതും കാണരുതെ എന്നു പ്രാര്‍തച്ചതും...!!!
പലപ്പോഴും ഇതോരു പിശാചിന്റെ നഗരമാണെന്ന് ഞാന്‍ സ്വയം തീരുമാനിക്കാറുണ്ട്. എന്നാല്‍ ഈവരികള്‍ക്കിടയില്‍ ഞാനത് തീരുത്താന്‍ അഗ്രഹിക്കുന്നു , “പിശാചിനെ വേണ്ടവര്‍ക്ക് അതുവാങ്ങാം എവിടെ ക്കിട്ടുന്നതിനെക്കളും എളുപ്പമായ് ഏറ്റവും വിലക്കുറവില്‍.”

ജീവിതം മനുഷ്യനെ പലതും പഠിപ്പിക്കുന്നു, അനുഭവങ്ങളാണ് യാഥാര്‍ത്യവുമായി ബന്‍‌ധിപ്പിക്കുന്നത്.ച്ചുട്ടുപ്പോള്ളുന്ന ജീവിത യാത്ഥാര്‍ത്യാത്തിനു മുമ്പില്‍ ഹ്രിദയം കൊണ്ടുഏകനായാണു ഏതോരു പ്രവാസിയും. കുടിവെള്ളം പോലും വിലകോടുത്ത് വാങ്ങുന്നവനായി മാറി ഞാനിന്ന്, എന്നും കേള്‍ക്കാനാഗ്രഹിക്കുന്ന പ്രിയപ്പെട്ടവരുടെ സാന്ത്വന ശബ്ദ്ങള്‍ *121# എന്നതിനുള്ളില് കുരുങ്ങികിടക്കുന്നവന്‍.!!

പ്രകൃതിയുടെ പ്പച്ചപ്പ് എന്നും എന്നെ വല്ലാതെ ആകര്‍ച്ചിട്ടുണ്ട്.നേരം പുലരാന്‍ നേര‍ത്ത് പാടത്തുകൂടെ ഒരുപാടു ഞാന്‍ നടക്കാറുണ്ടായിരുന്നത് ഞാനിടെക്കിടെ ഓര്‍ക്കാറുണ്ട്.പ്രകൃതിയുടെ പ്പച്ചപ്പോ അമ്പലത്തിലെ ഭക്തിഗാനമോ ഇല്ലാത്ത, വാഹനങളുടെ അലോസരപെടുത്തുന്ന ശ്ബ്ദം മാത്രമുള്ള ഈ വഴികളേയും ഞാന്‍ ഇന്ന് ഒരുപാട് സ്നേഹിക്കുന്നു.
എന്തെല്ലാം നേടിയാലും എവിടെ എത്തിയാലും ആവില്ല ചിലതിനോടു പിരിഞുനില്‍ക്കാന്‍, അതിലേറ്റവും പ്രധാനം പെറ്റമ്മയും പിറന്ന നാടും തന്നെയാണ്..

Read more...

About This Blog

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP